വിദ്യാഭ്യാസവും അറിവും
Dec 18, 2024
വളരെ ചെറുതാണെങ്കിലും ഇങ്ങനെ ഒരു ലേഖനം എഴുതാൻ തോന്നിയത് എന്റെ അറിവും മനുഷ്യരും എന്ന ലേഖനത്തിന് കമന്റ് ആയി എന്റെ ഒരു സുഹൃത്ത് ചോദിച്ച ചോദ്യമാണ്.
"വിദ്യാഭ്യാസവും അറിവും രണ്ടാണല്ലേ എന്നായിരുന്നു അത്?"
ഇങ്ങനെ ഒരു ചോദ്യം വന്നത് തന്നെ മനുഷ്യരുടെ ശീലങ്ങൾ അടിസ്ഥാനപരമായ കാര്യങ്ങൾ മറന്നു പോകുവാൻ കാരണമാകുന്നു എന്നത് കൊണ്ടാണ്. ആ ചോദ്യത്തിനുള്ള ഉത്തരം കാലങ്ങൾ കൊണ്ട് സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള ചില തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ഉതകുന്നതാണ് എന്നത് കൊണ്ടാണ് ഈ ലേഖനം എഴുതുന്നത്. വിദ്യാഭ്യാസം ഇല്ലാത്തവരിൽ ശീലമായിത്തീർന്ന ഒരു ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുവാൻ, വളരെ ചെറുതായ എന്നാൽ അതിഭീമമായ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള ഈ തെറ്റിദ്ധാരണയ്ക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് മനുഷ്യൻ എത്ര ചെറുതാണ് എന്നതിന് ഉദാഹരണമാണ്.
ഇനി നമുക്ക് മുകളിൽ സൂചിപ്പിച്ച എന്റെ സുഹൃത്തിന്റെ ചോദ്യത്തിൽ അടങ്ങിയിരിക്കുന്ന തെറ്റിദ്ധാരണയെ നമുക്കൊന്ന് അവലോകനം ചെയ്യാം. വിദ്യാഭ്യാസവും അറിവും രണ്ടാണല്ലേ എന്നതാണ് ചോദ്യം. എല്ലാവർക്കും അറിവുള്ളതാണ്. പക്ഷേ, ശീലങ്ങളിലൂടെ മറന്നുപോകുന്നു. വിദ്യ = അറിവ്, വിദ്യ നേടുന്നത് അഭ്യസിച്ചു ശീലിക്കുന്നതാണ് വിദ്യാഭ്യാസം. അതായത് അറിവ് നേടുവാൻ അഭ്യസിച്ചു ശീലിക്കുന്നതാണ് വിദ്യാഭ്യാസം. അഭ്യസിച്ചു ശീലിച്ചില്ലെങ്കിലും നാം പുതുതായി മനസിലാക്കുന്നത് എല്ലാം അറിവാണ്. മനുഷ്യരുടെ ആയുസ്സ് വളരെ പരിമിതമാണ്. മനുഷ്യൻ വിശപ്പടക്കുവാൻ മൃഗങ്ങളെ വേട്ടയാടുന്നതും കൃഷി ചെയ്യുന്നതും എല്ലാം ശീലമാക്കിയതാണ്. മനുഷ്യന് ജീവിക്കുവാൻ ഒരുപാട് മാർഗങ്ങൾ ഉണ്ടായപ്പോൾ അവന്റെ ചുരുങ്ങിയ ജീവിത കാലചക്രത്തിനിടയിൽ എല്ലാവർക്കും എല്ലാ അറിവുകളും സ്വായത്വമാക്കുക എന്നത് അസാധ്യമായിത്തീർന്നു. അവന്റെ ശക്തിയുടെയും കഴിവിന്റെയും അടിസ്ഥാനത്തിൽ അവർ വിശപ്പടക്കുവാനുള്ള വിവിധ മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തു. കാലക്രമേണ പല ജീവിത മാർഗ്ഗങ്ങളും എല്ലാവർക്കും തിരഞ്ഞെടുക്കുവാൻ കഴിയാത്ത സാമൂഹിക സാഹചര്യങ്ങൾ ഉടലെടുത്തു. ശക്തിയും കഴിവും ഉപയോഗിച്ചു മറ്റു മനുഷ്യരെ തങ്ങൾക്കു വേണ്ടി ജോലി ചെയ്യിപ്പിക്കുന്ന നിലയിലേക്ക് മനുഷ്യർ മാറി. ഇതിനിടയിൽ വിദ്യ അഭ്യസിപ്പിക്കുന്നതിന് വിവിധ സംവിധാനങ്ങൾ നിലവിൽ വരുകയും തങ്ങൾ നേടുന്ന എല്ലാ പുതിയ അറിവുകളും വിദ്യാഭ്യാസമാണ് എന്നത് മനുഷ്യൻ മറന്നുകൊണ്ട് വിദ്യ അഭ്യസിച്ചു ശീലിക്കുവാൻ സാമ്പത്തിക സാഹചര്യം ഉള്ളവർ തങ്ങൾ സമൂഹത്തിൽ ഉയർന്ന നിലവാരമുള്ളവരാണ് എന്ന മനോഭാവം ആർജ്ജിക്കുകയും ചെയ്തു. സാമ്പത്തിക സാഹചര്യവും വിദ്യാഭ്യാസവും കുറഞ്ഞവരോടുള്ള അവരുടെ പുച്ഛ മനോഭാവം സമൂഹത്തിൽ വിടവുകൾ സൃഷ്ടിച്ചു. ജീവിക്കുവാൻ സാമ്പത്തികമുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ദരിദ്ര വിഭാഗത്തിന് പതിയെ അപകർഷതാബോധം ബാധിച്ചു നിലവിലുള്ള സംവിധാനങ്ങളിലൂടെയല്ലാതെ തങ്ങൾ സ്വായത്വമാക്കുന്ന അറിവുകൾക്ക് പ്രാധാന്യം കുറവാണ് എന്ന അവസ്ഥയിൽ ജീവിച്ചു കൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസം നേടുവാൻ നിലവിലുള്ള സംവിധാനങ്ങളെല്ലാം സമ്പത്ത് നേടി വിശപ്പടക്കുവാൻ മനുഷ്യരെ പ്രാപ്തരാക്കുന്നതാണ്. എന്നാൽ ദരിദ്രർ സമ്പത്ത് ഇല്ലാത്തതിനാൽ വർഷങ്ങൾ ഈ സംവിധാനത്തിനുള്ളിൽ നിലനിൽക്കുവാനുള്ള പണമില്ലാതെ എന്നും ദരിദ്രരായി നിലകൊള്ളേണ്ടി വരുന്നു. കഷ്ടപ്പെട്ട് ഈ സംവിധാനത്തിലൂടെ കടന്നു പോകുന്ന ദരിദ്ര വിഭാഗത്തിൽ പെട്ടവർ അല്ലലില്ലാതെ ജീവിക്കുവാൻ വഴി കണ്ടെത്തുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു. സമ്പന്നർക്കും പാവപ്പെട്ടവനും വിദ്യ ഒരേപോലെ അഭ്യസിക്കുവാനുള്ള അവസരം ലഭിച്ചാൽ മാത്രമേ ദാരിദ്ര്യനിർമാർജ്ജനം സാധ്യമാവൂ. കാലം പുരോഗമിച്ചപ്പോൾ മനുഷ്യന് പണസമ്പാധനത്തിന് പുതിയ മാർഗ്ഗങ്ങൾ കൈവന്നു കൊണ്ടിരിക്കുന്നു. കാലങ്ങളായി നിലനിൽക്കുന്ന സംവിധാനങ്ങളുടെ പ്രാധാന്യം ഇന്ന് കുറഞ്ഞു വരുന്നു. ദരിദ്ര വിഭാഗത്തിന് ഇന്ന് പണസമ്പാധനത്തിന് പുതിയ മാർഗ്ഗങ്ങൾ ലഭിച്ചിരിക്കുന്നു. ഓരോ രാജ്യങ്ങളിലും നിലവിലുള നിയമങ്ങൾ പാലിച്ചുകൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യാതെ അതെല്ലാം ഉപയോഗിച്ചാൽ ദരിദ്ര വിഭാഗത്തിൽ മേൽത്തട്ടിലുള്ളവർക്കും ഇടത്തരം ദാരിദ്രർക്കും ഇന്ന് പണസമ്പാധനത്തിന് അവസരങ്ങളുണ്ട്. എന്നാൽ താഴ്ന്ന ദരിദ്രരും തീർത്തും ദരിദ്രരും അവഗണയുടെ പടുകുഴിയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. അവർ മറ്റുള്ളവർക്ക് വേണ്ടി അഹോരാത്രം ജോലി ചെയ്യേണ്ട, അറിവുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന ഒരു വലിയ സമൂഹത്തിന്റെ പുച്ഛത്തിനും പരിഹാസത്തിനും നിന്ന് കൊടുക്കേണ്ട, തങ്ങൾക്കു വേണ്ടിയെന്നു പറഞ്ഞു സ്വന്തം ജീവിത വിജയത്തിന് അവർ നടത്തുന്ന നാടകങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ ആവേണ്ട ഒരു കൂട്ടമായി അവശേഷിക്കുന്നു. അവർ തങ്ങൾ സ്വായത്വമാക്കിയിട്ടുള്ള അറിവുകൾക്ക് പ്രാധാന്യം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തങ്ങളുടെ ജോലി ചെയ്തുള്ള ശീലം മറ്റു പലർക്കും ഇല്ല എന്നും തങ്ങൾക്കു ലഭിക്കുന്ന തുച്ഛമായ വേതനങ്ങൾ മറ്റുള്ളവരുടെ ഔദാര്യമല്ല എന്നും അത് അത്യാധ്വാനത്തിലൂടെയും കഴിവിലൂടെയും തങ്ങൾ ആർജിച്ചെടുത്ത ശീലങ്ങളുടെ പ്രതിഫലമാണ് എന്നും അവർ മനസ്സിലാക്കേണ്ടതാണ്. അത് പുച്ഛത്തോടെയോ അവഗണന കാട്ടിയോ തരുന്നവരെ ചോദ്യം ചെയ്യേണ്ടത് തങ്ങളുടെ അവകാശം ആണെന്നും അവർ തിരിച്ചറിയണം. തങ്ങൾ സമ്പന്നരെ ആശ്രയിക്കുന്നത് പോലെ അവർ അവരുടെ കാര്യങ്ങൾ നടക്കുവാൻ തങ്ങളെ ആശ്രയിക്കുകയാണ് എന്ന തിരിച്ചറിവ് ദരിദ്ര വിഭാഗത്തിന് ഉണ്ടാവേണ്ടതാണ്.
നമുക്ക് ചുറ്റുമുള്ള മനുഷ്യർ എങ്ങനെ ജീവിക്കുന്നു, അവർ ഓരോരുത്തരും തുടർന്ന് പോകുന്ന ശീലങ്ങൾ എന്തൊക്കെയാണ്, അവരുടെയും തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിത ശീലങ്ങളിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്, തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ നിലവിലുള്ള സംവിധാനങ്ങൾ എന്തെല്ലാം, തങ്ങൾ ജീവിക്കുന്ന സമൂഹത്തെ സ്വാധീനിക്കുന്ന സാമ്പത്തിക ശക്തികൾ ഏതെല്ലാം, തങ്ങൾക്കു ചുറ്റും നിലവിലുള്ള സംഘടനകളുടെ പ്രവർത്തന രീതികൾ എങ്ങനെയാണ് മുതലായ കാര്യങ്ങൾ മനസ്സിലാക്കുവാൻ ശ്രമിച്ചു തുടങ്ങിയാൽ അറിവ് താനെ ഉണ്ടാവും. അതും വിദ്യാഭ്യാസമാണ്. അത് തിരിച്ചറിഞ്ഞാൽ അറിവില്ല എന്ന തോന്നൽ ഉണ്ടാവില്ല. നാം അറിവ് നേടിക്കൊണ്ടിരിക്കുകയും സമൂഹത്തിൽ തങ്ങളെ അവഗണിക്കുന്നവരെ പുഞ്ചിരിയോടെ അവഗണിക്കുവാൻ ശീലിക്കുകയും ചെയ്യും. നാം എങ്ങനെ നമുക്ക് ചുറ്റുമുള്ളവരെയും വിഷയങ്ങളെയും കാണുന്നു എന്നതാണ് നമ്മുടെ ജീവിതം ഒരു പരിധി വരെ എങ്ങനെ പോകണം എന്ന് തീരുമാനിക്കുന്നത്. ആ തിരിച്ചറിവ് ഉണ്ടായാൽ നമ്മുടെ ജീവിത കാലചക്രം കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടാതെ പൂർത്തിയാക്കുവാൻ കഴിയുന്നതാണ്. മനുഷ്യൻ സമ്പത്ത് നേടുന്നതും അറിവ് നേടുന്നതുമെല്ലാം അതിനു വേണ്ടിയാണ്. അറിവ് നേടുന്നത് ശീലമാക്കുക, അത് നിങ്ങളെ വഴിനടത്തും. വിദ്യ അഭ്യസിച്ചു ശീലമുള്ളവർക്ക് ജീവിതത്തിൽ തുടർന്നും അറിവ് നേടുന്നത് എളുപ്പമാണ്. എന്നാൽ ഒരു സംവിധാനത്തിന്റെ സഹായത്തോടെ വിദ്യ അഭ്യസിച്ചു ശീലമില്ലെങ്കിലും പുതിയ അറിവുകൾ നേടുക എന്നത് ശീലമാക്കിയാൽ മതി. അത് ചെറുപ്പം മുതൽ ശീലിക്കണം എന്നൊന്നുമില്ല. അവനവനെ ബഹുമാനിച്ചു വളരുവാനുള്ള ശീലങ്ങൾ വളർത്തിയാൽ തങ്ങളെ അവഗണിക്കുന്നവരെ അവഗണിക്കുക്കാൻ എളുപ്പമാണ്. ആരും ചെറുതല്ല എന്ന തിരിച്ചറിവ് ആദ്യം ഉണ്ടാവേണ്ടത് ദരിദ്ര വിഭാഗത്തിനാണ്. വിദ്യാഭ്യാസസമ്പ്രദായവും അറിവുസമ്പാധനവും ഒരു തെറ്റിദ്ധാരണയ്ക്ക് കാരണമാകാതിരിക്കട്ട എന്ന് ആഗ്രഹിക്കുന്നു.