അറിവും മനുഷ്യരും
അറിവിനോളം തെറ്റിദ്ധരിക്കപ്പെട്ട മറ്റൊന്നും ഭൂമിയിൽ ഇല്ല എന്നാണ് എന്റെ വിശ്വാസം. മനുഷ്യൻ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. നൂറിൽ താഴെ ആയുസ്സുള്ള അവന്റെ ജീവിതകാലത്തിനിടയിൽ അവൻ പുതുതായി മനസ്സിലാക്കുന്നതെന്തും അവന്റെ അറിവിലേക്ക് ചേർക്കപ്പെടുന്നു. അറിവിന് രണ്ടു തലങ്ങളുണ്ട്. ഒന്ന് ഒരു വിഷയം മനസ്സിലാക്കാൻ കഴിയുക എന്നതും മറ്റൊന്ന് ഒരു വിഷയത്തിൽ വിദഗ്ധനാവുക എന്നതും. ലോകത്തുള്ള ഏത് വിഷയവും മനസ്സിലാക്കുവാൻ ഭാഷയാറിയാവുന്ന ഏതൊരാൾക്കും കഴിയുന്നതാണ്. എന്നാൽ ഒരു വിഷയത്തിൽ വിദഗ്ധനാവുക എന്നത് സമയം ആവശ്യമായ ഒന്നാണ്.
മനുഷ്യൻ അറിവ് നേടുന്നത് അവന്റെ ജീവിതചക്രം കഴിയുന്നത് വരെ ആഹാരത്തിനോ മറ്റു കാര്യങ്ങൾക്കോ ബുദ്ദിമുട്ടുണ്ടാവാതെ സുഖകരമായ ഒരു ജീവിതം നയിക്കുന്നതിനു വേണ്ടിയാണ്. ഈ പ്രപഞ്ചത്തിൽ മനുഷ്യന് മനസ്സിലാക്കുവാൻ കഴിയുന്നതിനും അപ്പുറമുള്ള കാര്യങ്ങൾ ഒരുപാടുണ്ട്. ഭൂമിയാണ് മനുഷ്യന്റെ ആവാസമേഖലയുടെ പരിധി എന്നതിനാൽ അതിനുമപ്പുറത്തേക്കുള്ള അറിവുകളിൽ മനുഷ്യന് ഒരുപാടു പരിമിതികളുണ്ട്. മനുഷ്യൻ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നവരായതിനാൽ ഭൂമിയിൽ ജനിക്കുന്ന ഓരോ മനുഷ്യരും പ്രധാനമായും ഏതെങ്കിലും ഒരു വിഷയത്തിൽ പ്രാഗല്ഭ്യം നേടുകയും ആ അറിവ് അവന്റെ കാലചക്രം കഴിയുന്നതുവരെ ആ വിഷയത്തിൽ മറ്റു മനുഷ്യരെ സഹായിച്ചു കൊണ്ട് ആഹാരസംഭാധനം നടത്തി ജീവിച്ചു പോരുന്നു. ജീവിതത്തിൽ സാധാരണഗതിയിൽ ഒരു മനുഷ്യന് രണ്ടോ മൂന്നോ വിഷയങ്ങളിൽ മാത്രമാണ് വിദഗ്ദരാവാൻ സാധിക്കുന്നത്. എന്നാൽ തങ്ങളുടെ ജീവിതത്തിന്റെ ഭൂരിപക്ഷം സമയവും പല വിഷയങ്ങളിലും വൈദഗ്ദ്യം നേടുന്നതിനു വേണ്ടി മാത്രം ചിലവഴിക്കുന്നവരുമുണ്ട്. നമുക്ക് ഒരു മരപ്പണിക്കാരനെയും ഒരു ഡോക്ടറെയും ഉദാഹരണമായി എടുക്കാം. മരപ്പണി ഒരു കൈത്തൊഴിൽ ആയതിനാൽ സാമ്പത്തികശേഷി കുറഞ്ഞ കുടുംബങ്ങളിലെ കൂടുതൽ വിദ്യാഭ്യാസം നേടുവാനുള്ള സാഹചര്യം കുറഞ്ഞ വ്യക്തികൾ തിരഞ്ഞെടുക്കുന്ന ഒരു മേഖലയാണത്. തങ്ങളുടെ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട രണ്ടു വർഷമെങ്കിലും ചിലവഴിച്ചാലാണ് അവർക്കു അതിൽ വൈദഗ്ദ്യം നേടാനാവുന്നത്. ഡോക്ടർ എന്നത് സമൂഹത്തിൽ അംഗീകാരം ലഭിക്കുന്നതും സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലെ കൂടുതൽ വിദ്യാഭ്യാസം നേടുവാനുള്ള സാഹചര്യം ഉള്ള വ്യക്തികൾ തിരഞ്ഞെടുക്കുന്നതുമായ ഒരു മേഖലയാണ്. ഒരു ഡോക്ടർ അദ്ദേഹത്തിന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട അഞ്ചു വർഷമെങ്കിലും ചിലവഴിച്ചാണ് ആ മേഖലയിൽ വൈദഗ്ദ്യം നേടുന്നത്. ഈ രണ്ടുകൂട്ടർക്കും തങ്ങളുടെ ജീവിതകാലചക്രം കഴിയുന്നതുവരെ സുഖകരമായ ജീവിതം നയിക്കുന്നതിന് മറ്റു വിഷയങ്ങളിൽ വിദഗ്ധരാവണമെന്നോ മറ്റു വിഷയങ്ങൾ മനസ്സിലാക്കണമെന്നോ യാതൊരു നിർബന്ധവുമില്ല. ഒരു ഡോക്ടർക്കു മരപ്പണിക്കാർ ചെയ്യുന്നത് മനസ്സിലാക്കാൻ പറ്റും എന്നാൽ അതിൽ വൈദഗ്ദ്യം നേടണമെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒന്നോ രണ്ടോ വർഷം അതിനു വേണ്ടി ചിലവഴിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഒരു മരപ്പണിക്കാരന് ഭാഷ അറിയാമെങ്കിൽ ഡോക്ടർമാർ ചെയ്യുന്ന പല കാര്യങ്ങളും മനസ്സിലാക്കുവാൻ പറ്റുന്നതാണ്. എന്നാൽ അതിൽ വൈദഗ്ദ്യം നേടുക എന്നത് അസാധ്യമാണ്. ഇവിടെ ഡോക്ടർക്ക് അദ്ദേഹം പഠിച്ച മേഖലയിൽ അറിവുണ്ട് എന്ന് കരുതി മരപ്പണി ചെയ്യുന്ന വ്യക്തിയുടെ അറിവ് ഇല്ലാതാവുകയോ മരപ്പണി ചെയ്യുന്ന വ്യക്തി ഒരു ഡോക്ടരേക്കാൾ അറിവ് കുറഞ്ഞ വ്യക്തി ആവുകയോ ചെയ്യുന്നില്ല. രണ്ടുപേരുടെയും അറിവിന്റെ മേഖല വ്യത്യസ്തമാണ് എന്ന് മാത്രം. ഈ ഡോക്ടറും മരപ്പണിക്കാരനും പരസ്പരം ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യസമൂഹത്തിന്റ ഭാഗമായതിനാൽ അവർക്കു ആവശ്യം വരുമ്പോൾ പരസ്പരം ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇവർ ചെയ്യുന്ന ജോലിയും അവരുടെ സാമ്പത്തിക നിലയും ജീവിതശൈലിയും അനുസരിച്ചു സമൂഹത്തിൽ അവർക്കുണ്ടാവുന്ന പ്രാധാന്യത്തിന് മാറ്റമുണ്ടാവുന്നു.
അറിവ് എന്നത് ഓരോ മനുഷ്യരുടെയും ജീവിതരീതി അനുസരിച്ചു സ്വായത്വമാക്കപ്പെടുന്ന ഒന്നാണ്. ഒരു വിഷയത്തെക്കുറിച്ച് അറിവുണ്ടാവുന്നതിനു ആ വിഷയത്തിൽ വിദഗ്ദരാവേണ്ട കാര്യമില്ല. നാം ഒരു ആനയെ കണ്ടിട്ട് അത് ആനയാണ് എന്ന് മനസ്സിലാക്കുന്നതുപോലെ മറ്റൊരാൾ ആ ആനയെ കണ്ടാൽ ആനയാണ് എന്ന് തന്നെയാണ് മനസ്സിലാക്കുക, അല്ലാതെ പട്ടിയാണ് എന്നല്ല, അല്ലെങ്കിൽ ആനയെ പട്ടിയാണ് എന്ന രീതിയിൽ മുൻപ് അയാൾക്ക് മനസ്സിലാക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ടാവണം. ഒരു വിഷയത്തെ എല്ലാവർക്കും ഒരുപോലെ തന്നെയാണ് മനസ്സിലാക്കാൻ കഴിയുക. തങ്ങൾ മുൻപേ അർജിച്ചിട്ടുള്ള അറിവുകൾ ഉൾപ്പെടുത്തി ഒരു വിഷയത്തെ നോക്കിക്കാണുമ്പോഴാണ് ഒരു വിഷയം തന്നെ പലരും പല രീതിയിൽ വ്യാഖ്യാനിക്കുന്നത്. തങ്ങൾ ആർജിച്ചെടുത്തിട്ടുള്ള അല്ലെങ്കിൽ തങ്ങളിലേക്ക് കുത്തിവയ്ക്കപ്പെട്ടിട്ടുള്ള അറിവുകളിലൂടെയുള്ള കാഴ്ചപ്പാടുകൾ മാറ്റിവച്ചു ഒരു വിഷയത്തെ നോക്കിക്കണ്ടാൽ എല്ലാവരും ഒരു വിഷയത്തെ മനസിലാക്കുന്നത് ഒരേ രീതിയിലായിരിക്കും. അറിവ് നേടേണ്ട അല്ലെങ്കിൽ ഒരു വിഷയം മനസ്സിലാക്കേണ്ട സന്ദർഭം വരുമ്പോൾ മനസ്സ് ഒരു ഒഴിഞ്ഞ കപ്പിനെപ്പോലെ ആവേണ്ടത്തിന്റെ ആവശ്യകതയും ഇത് തന്നെയാണ്. പക്ഷെ അറിവ് എവിടെ നിന്ന് അല്ലെങ്കിൽ ആരിൽ നിന്ന് നേടുന്നു എന്നതും പ്രധാനമാണ്. ഇന്നത്തെക്കാലത്ത് മനുഷ്യൻ സാമാന്യബുദ്ധി ഉപയോഗിക്കേണ്ടത് ഒരു വിഷയത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽനിന്ന് തങ്ങളുടെ കാര്യസാധ്യത്തിനായി തല്പരവിഷയങ്ങൾ കൂട്ടിക്കലർത്തി യഥാർത്ഥ വിഷയത്തെ വളച്ചൊടിച്ചു മറ്റൊരു രൂപത്തിലാക്കി നിരന്തരമായി സമൂഹത്തിന് മുൻപിൽ അവതരിപ്പിക്കുമ്പോൾ അതിന്റ സ്വാധീനത്തിൽ അടിപ്പെടാതെ എല്ലാ വിഷയങ്ങളെയും അതിന്റെ യഥാർത്ഥ രൂപത്തിൽ മാത്രം മനസ്സിലാക്കുവാനാണ്. പബ്ലിക്=ഡോങ്കി എന്ന പഴയ തത്വം തന്നെ ആവർത്തിച്ചു കേൾക്കുന്നതും കാണുന്നതും മനുഷ്യന്റെ മെമ്മറിയുമായി ബന്ധപ്പെട്ടതും അതവനിൽ സ്വാധീനം ചെലുത്തുവാൻ കഴിയുന്നതുമാണ് എന്നതിൽ അധിഷ്ഠിതമാണ്.
ഇന്ത്യയിൽ അറിവിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ ഏറ്റവും കൂടുതൽ ദോഷകരമായി ബാധിച്ചിരിക്കുന്നത് ദരിദ്രവിഭാഗത്തിനെയാണ്. വിദ്യാഭ്യാസമില്ലായ്മയും ദിവസം മുഴുവൻ അത്യധ്വാനം ചെയ്താലും തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബുദ്ദിമുട്ട് നേരിടുന്നതും മറ്റു അറിവുകൾ അവനു ആവശ്യമില്ലാത്തതാക്കി മാറ്റുന്നു. തങ്ങളുടെ സാഹചര്യവും വിദ്യാഭ്യാസമില്ലായ്മയും മറ്റു അറിവുകൾ നേടുന്നതിൽ നിന്നും അവനെ പരിമിതപ്പെടുത്തുന്നതിനാൽ തങ്ങളെ വിഡ്ഢികളാക്കുന്നവർക്ക് മുൻപിൽ അവൻ വിനയാന്വിതനാവുന്നു. വളരെ വലിയൊരു വിഭാഗം സമ്പന്നരും ഇടത്തരക്കാരും വിദ്യാഭ്യാസമുള്ളവരും ജാതിസംഘടനകൾ, മതസംഘടനകൾ, രാഷ്ട്രീയപ്പാർട്ടികൾ, എന്നിവ ഉൾപ്പെടെയുള്ള വിവിധ സാമ്പത്തിക ശക്തികളുടെ ഭാഗവുമാണ്. അറിവുണ്ടെന്നു സ്വയം വിശ്വസിക്കുന്ന ഈ വിഭാഗം തങ്ങളുടെ താല്പര്യങ്ങൾ കൂട്ടിക്കലർത്തി വിവിധ വിഷയങ്ങൾ ദരിദ്ര വിഭാഗത്തിന് മുൻപിൽ നിരന്തരമായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. വിവിധ കാരണങ്ങളാൽ സമൂഹത്തിലെ വിവിധ ശക്തികളുമായി വൈകാരിക അടുപ്പം സൂക്ഷിക്കുന്ന ദരിദ്രവിഭാഗം തങ്ങളെക്കാൾ വിദ്യാഭ്യാസവും സാമ്പത്തിക നിലവാരവുമുള്ള ഇവരെ എതിർക്കാതെ ഏതെങ്കിലും ഒരു വിഭാഗത്താൽ സ്വാധീനിക്കപ്പെടുകയോ നിശബ്ദരാവുകയോ ചെയ്യുന്നു. ഇവിടെ ഒരു സമൂഹം തന്നെ യഥാർത്ഥ വിഷയങ്ങളെ അവഗണിച്ചു കൊണ്ട് വളച്ചൊടിക്കപ്പെടുന്ന വാർത്തകൾക്ക് പ്രാധാന്യം നൽകുന്ന അവസ്ഥയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ദരിദ്രവിഭാഗത്തിലെ വക്രബുദ്ധിയുള്ളവരും ക്രിമിനലുകളും ഇടത്തരക്കാരും സമ്പന്നരും ഉൾപ്പെടുന്ന വിഷയങ്ങളെ വളച്ചൊടിക്കുന്ന കൂട്ടത്തിൽ കയറിപ്പറ്റുന്നതിനാൽ നിലനിൽപ്പിനു വേണ്ടി അത്യാധ്വാനം ചെയ്യേണ്ടി വരുന്ന ദരിദ്രവിഭാഗത്തിലെ ദുർബലർ സ്വാധീനിക്കപ്പെടുന്നവരുടെ കൂട്ടത്തിലും ഇരകളും ആയിത്തീരുന്നു.
ഒരു വിഷയത്തിൽ അറിവുണ്ട് എന്നത് ആ വിഷയത്തിൽ അറിവില്ലാത്ത മറ്റു മനുഷ്യരേക്കാൾ താൻ ഉയരെയാണ് എന്ന് കരുതരുത്. ആ വിഷയത്തിൽ അറിവ് നേടേണ്ടത് ആ വ്യക്തിയുടെ ആവശ്യമായതു കൊണ്ടാണ് ആ വ്യക്തിക്ക് ആ വിഷയത്തിൽ അറിവുള്ളത്. ആ വിഷയത്തിൽ അറിവ് നേടേണ്ട ആവശ്യമില്ലാത്ത വ്യക്തികൾക്കിടയിൽ ആ വിഷയത്തിലുള്ള അറിവിന് യാതൊരു പ്രാധാന്യവുമില്ല. അറിവുണ്ട് എന്ന നാട്യത്തിൽ മറ്റുള്ളവരെ കബളിപ്പിക്കുന്നവർ സാമാന്യബുദ്ധി എന്നത് എല്ലാ മനുഷ്യർക്കും ദൈവം നൽകിയിട്ടുള്ളതാണെന്നും കുറഞ്ഞ ആയുസ്സുള്ള മനുഷ്യന് നേടിയെടുക്കുവാൻ കഴിയുന്ന ഏതറിവിനും അതിനെ മറികടക്കാൻ കഴിയില്ല എന്നും തിരിച്ചറിയേണ്ടതാണ്. മനുഷ്യൻ പരസ്പരം ആശ്രയിച്ചു ജീവിക്കുന്നവരാണ്. പരസ്പരാശ്രയത്വം ഒരു വിഭാഗത്തിന്റെ അടിമത്വത്തിലേക്കു മാറ്റപ്പെട്ടാൽ അത് എല്ലാ മനുഷ്യരുടെയും നിലനിൽപ്പിനെ ബാധിക്കുന്ന ഒന്നായിത്തീരും. എല്ലാ അറിവും എല്ലാ മനുഷ്യർക്കും ആവശ്യമില്ലെന്നും തങ്ങൾക്കുള്ള അറിവിനോളം തങ്ങളുടെ സഹജീവികൾക്ക് ഇല്ല എന്ന് അഹങ്കരിക്കുന്നിടത്തോളം വിഡ്ഢിത്വം മറ്റൊന്നുമില്ല എന്ന തിരിച്ചറിവുണ്ടായാൽ ബഹുമാനം ആഗ്രഹിക്കുന്നവർ സഹജീവികളെ ബഹുമാനിക്കുവാൻ കൂടി പഠിക്കും.
പറഞ്ഞു വന്നത്, നൂറ്റാണ്ടുകൾക്ക് മുൻപും ഇന്നുള്ള അറിവില്ലാതെ മനുഷ്യർ ജീവിച്ചിരുന്നു. അതിനാൽ അറിവ് മനുഷ്യജീവനുകളെക്കാളും ഉപരിയായ ഒന്നല്ല എന്ന് മനുഷ്യർ തിരിച്ചറിയേണ്ട കാലമാണിത്.