ഭാണ്ഡക്കെട്ട്:ഒരു  ചെറുകഥാവലോകനം

ഭാണ്ഡക്കെട്ട്:ഒരു  ചെറുകഥാവലോകനം

Jul 20, 2024


ചെറുകഥാവലോകനം: ലിനു തിലകൻ


ഉഷ സുധാകരന്റെ 'കനലുകൾ' എന്ന ചെറുകഥാ സമാഹാരം വായിക്കുന്നു. 'ഭാണ്ഡക്കെട്ട്' വായിച്ചു കഴിഞ്ഞപ്പോൾ 'ലക്ഷ്മണൻ കർത്താ' എന്ന പ്രതീകാത്മക വ്യക്തിത്വത്തെ കുറിച്ച് എഴുതണം എന്ന് തോന്നി.


ഭൂരിപക്ഷം മനുഷ്യരും തങ്ങൾക്കു ചുറ്റുമുള്ളതെല്ലാം തങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ചു സംഭവിക്കണം എന്ന ചിന്താഗതി ഉള്ളവരാണ്. അവർ തങ്ങൾക്കു ചുറ്റും ഉള്ള ചുരുക്കം ചില മനുഷ്യരെ തങ്ങളുടെ വികാരങ്ങളുമായി കോർത്തിണക്കി ദൃഢമായി ബന്ധനസ്ഥരാക്കുന്നു. എന്നാൽ തങ്ങളുടെ ആഗ്രഹങ്ങൾക്ക് എതിരായ പ്രവർത്തികൾ അവരിൽ നിന്നുണ്ടായാൽ അവർ തങ്ങളുടെ തന്നെ വികാരങ്ങൾക്ക് അടിപ്പെട്ട് ജീവിതം വ്യർത്ഥമാണെന്ന ധാരണയിൽ പെടുന്നു.


ലക്ഷ്മണൻ കർത്താ ഒരു പ്രതീകമാണ്. അബദ്ധ ധാരണകൾ വച്ചു പുലർത്തി അവനവനെ സ്നേഹിക്കാൻ മറന്നു പോകുന്ന പലരിൽ ഒരുവൻ. മനുഷ്യൻ മറന്നുപോകുന്ന ഒന്നുണ്ട്, തങ്ങളുടെ ജീവിതത്തിന്റെ വളരെ നല്ലൊരു പങ്കും നാം മറ്റുള്ളവരുടെ ആശ്രയത്തിലാണ് ജീവിക്കുന്നത് എന്ന്. ജനിച്ചു പറക്കമുറ്റുന്നത് വരെ കുട്ടികൾ മാതാപിതാക്കളുടെ അല്ലെങ്കിൽ അതിനു തുല്യരായവരുടെ സംരക്ഷണയിൽ ആണ് വളർത്തപ്പെടുന്നത്. അവരുടെ അധ്വാനത്തിന്റെ ഒരു പങ്ക് കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുമ്പോൾ അവരുടെ വികാരങ്ങളുടെ പങ്ക് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ സ്വാധീനം ചെലുത്തുന്നു. അവർ പ്രായമാകുമ്പോൾ മക്കളുടെ അല്ലെങ്കിൽ അതിനു തുല്യ ഉത്തരവാദിത്വം നിർവ്വഹിക്കുന്ന വ്യക്തികളുടെ സംരക്ഷണം അനിവാര്യമായി തീരുന്നു.


ബന്ധങ്ങളിൽ അബദ്ധ ധാരണകൾ വച്ചു പുലർത്തി ത്യാഗ പരിവേഷം ഉൾക്കൊണ്ടു ജീവിത പ്രാരാബ്ധങ്ങളിൽ പെട്ടുഴലുന്ന ഒരുപാടു പേർ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു കുടുംബം എപ്പോഴും രണ്ടു വിഭാഗത്തിൽ ഉള്ള ആൾക്കാർ ഉൾപ്പെട്ടതാണ്, സംരക്ഷകരും സംരക്ഷിക്കപ്പെടുന്നവരും. മാതാപിതാക്കൾ എന്നും സംരക്ഷകരാണ്, എന്ത് കഷ്ടതകൾ അനുഭവിച്ചിട്ട് ആണെങ്കിലും അവർക്കു തങ്ങളുടെ മക്കൾ പറക്കമുറ്റുന്നത് വരെ സംരക്ഷകരുടെ റോൾ നിർവഹിക്കണം. മാതാപിതാക്കൾ വയസ്സാകുമ്പോൾ അവർ സംരക്ഷിക്കപ്പെടുന്നവർ ആയി മാറുകയും മക്കൾ സംരക്ഷകരുടെ റോളിലേക്ക് വരുകയും ചെയ്യുന്നു. കുടുംബം എന്ന സങ്കൽപം നിലനിന്നു പോകണമെങ്കിൽ ഈ പ്രക്രിയ തുടരേണ്ടത് ആവശ്യമാണ്. ഇതിനിടയിൽ രോഗാവസ്ഥ, മരണം ഇവയൊക്കെ സംരക്ഷകരുടെ റോൾ മറ്റുള്ളവർ ഏറ്റെടുക്കേണ്ട അവസ്ഥയിൽ എത്തിക്കുകയും വളരെ വലിയ അനിശ്ചിതാവസ്ഥകളിലേക്ക് ജീവിതങ്ങൾ തള്ളപ്പെടുന്നതിന് ഇടയാക്കുകയും ചെയ്യാറുണ്ട്.


ലക്ഷ്മണൻ കർത്താ ചെറുപ്പത്തിൽ തന്നെ സംരക്ഷകന്റെ റോളിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ്. മനുഷ്യൻ ഒരു സാമൂഹ്യജീവി എന്ന നിലയിൽ ഇപ്പോഴും തങ്ങളുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട സന്ദർഭങ്ങളിൽ തനിക്കു ചുറ്റും ഉള്ളവരെ ആശ്രയിക്കുന്നവർ ആണ്. ലക്ഷ്മണൻ കർത്താ ഉത്തരവാദിത്വം നിറവേറ്റുന്ന ഗണത്തിൽ ചെറുപ്പത്തിലേ എത്തിപ്പെട്ടെങ്കിലും തന്റെ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കാൻ മടിച്ച വ്യക്തിയാണ്. ലക്ഷ്മണൻ കർത്താ എന്ന പ്രതീകാത്മക വ്യക്തി മനുഷ്യൻ പഠിക്കേണ്ട പല പാഠങ്ങളിൽ ഒന്നാണ് എന്ന തിരിച്ചറിവാണ് ഈ എഴുത്തിലേക്ക് എന്നെ നയിച്ചത്. റെയിൽവേ സ്റ്റേഷനിൽ വച്ച് ഉറക്കെ ചിരിച്ചു കൊണ്ട് നടന്നകന്ന ഭിക്ഷക്കാരിയെ കണ്ടപ്പോൾ ആദ്യമായി ജീവിതത്തിന്റെ അനിശ്ചിതാവസ്ഥയിലേക്ക് എത്തിച്ചേർന്ന ലക്ഷ്മണൻ കർത്താ -യിൽ ഉണ്ടായ ഭാവിയെക്കുറിച്ച് ഉള്ള ചിന്തകളിൽ നിന്ന് ഉടലെടുത്ത ഭീതിജനകമായ ഒരു മരവിപ്പുണ്ട്.


ലക്ഷ്മണൻ കർത്താ ചെയ്തത് ത്യാഗമല്ല, മറിച്ചു ശരിയായ തീരുമാനങ്ങൾ ശരിയായ സമയത്തു എടുക്കുവാൻ ഉള്ള മനുഷ്യരുടെ കഴിവില്ലായ്മയുടെ പ്രതീകമാവുക മാത്രമായിരുന്നു അത്. ആ ഒറ്റ തീരുമാനത്തിലൂടെ തന്നെ ജീവനുതുല്യം സ്നേഹിച്ച പെൺകുട്ടിയെയും തന്നെത്തന്നെയും ദ്രോഹിക്കുകകയാണ് അദ്ദേഹം ചെയ്തത്. ത്യാഗമനോഭാവം എന്ന് സ്വയം വിലയിരുത്തി ചെയ്ത പ്രവൃത്തി ആർക്കു വേണ്ടിയാണ് എന്ന് കരുതി ചെയ്തുവോ അവർക്കു തന്നെ പിന്നീട് താൻ ഭാരമായിത്തീരുന്നത് അനുഭവിച്ചറിയേണ്ടി വന്ന വ്യക്തിയാണ് ലക്ഷ്മണൻ കർത്താ. മറ്റുള്ളവരെക്കാൾ ഉപരിയായി ഇവിടെ അദ്ദേഹത്തിന്റെ തന്നെ സ്വഭാവവും കാഴ്ചപ്പാടുകളും ആണ് സാഹചര്യങ്ങളുമായി ഒത്തുചേരുന്നതിൽ നിന്നും അദ്ദേഹത്തെ പിൻവലിക്കുന്നത്. ലക്ഷ്മണൻ കർത്തായുടെ പിടിവാശി ഇവിടെ വലിയൊരു വില്ലനാണ്. ലക്ഷ്മണൻ കർത്തക്കു അത് അദ്ദേഹത്തിന്റെ വീടും സ്ഥലവും മറ്റുള്ളവർ അദ്ദേഹം സംരക്ഷിച്ചു പോന്നവരുമാണ്. എന്നാൽ പുതിയ ആൾക്കാർ എത്തിച്ചേരുകയും കാലഹട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ തന്റെ കുടുംബത്തിന്റെ തലമുറയിൽ ഉണ്ടാവുന്നതിനോടും തനിക്കു പ്രായമായി സംരക്ഷിക്കപ്പെടുന്ന വിഭാഗത്തിലേക്ക് മാറ്റപ്പെട്ടതിനോടും പൊരുത്തപ്പെടുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.


സംരക്ഷകർ ആവേണ്ടതും സംരക്ഷകരെ സൃഷ്ടിക്കേണ്ടതും ഒരു വ്യക്തിയുടെയും അവന്റെ കുടുംബത്തിന്റെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്. മക്കൾ ഇല്ലാത്തവർ ആയാലും വിവാഹിതർ അല്ലെങ്കിലും തങ്ങളെ സംരക്ഷിക്കുന്നവരെ സൃഷ്ടിച്ചെടുക്കേണ്ടത് മനുഷ്യന് അനിവാര്യമാണ്. ഇവിടെ ലക്ഷ്മണൻ കർത്താ സംരക്ഷകരെ സൃഷ്ടിച്ചിരുന്നു. പക്ഷെ അവരുമായി പൊരുത്തപ്പെടുവാനുള്ള പക്വത അദ്വേഹം ആർജിച്ചിരുന്നില്ല.


കനലുകൾ എന്ന ചെറുകഥാ സമാഹാരത്തിലെ ഉഷ സുധാകരന്റെ മികച്ച ഒരു കഥയായിരുന്നു ഇത്. വായിച്ചു കഴിഞ്ഞപ്പോൾ ലക്ഷ്മണൻ കർത്താ എന്ന പ്രതീകത്തെക്കുറിച്ചു എഴുതണമെന്നു തോന്നി. ഉഷ സുധാകരനിൽനിന്നു കൂടുതൽ മികച്ച കഥകൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.